കണ്ണൂർ: തിരുവനന്തപുരം യൂനിവേർസിറ്റി കോളജ് അധ്യാപകൻ ഷാജിയുടെ മരണം എസ്.എഫ്.ഐ. നടത്തിയ കൊലപാതകമാണെന്ന് കെ.സുധാകരൻ എം.പി. കുറച്ച് നാളുകളായി എസ്.എഫ്.ഐ. എന്ന ഭീകര സംഘടനയുടെ കൊടും ക്രൂരതകളുടെ വാർത്തകൾ പുറത്ത് വരികയാണ്. കേരളത്തിലെന്നല്ല, ഇന്ത്യ രാജ്യത്ത് തന്നെ കേട്ടുകേൾവിയില്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിൻ്റെ മരണത്തിൽ നമ്മൾ കണ്ടത്. എത്രയോ ക്യാമ്പസുകളിൽ കെ.എസ്.യു.വിനും മറ്റ് പല സംഘടനകൾക്കും സംഘടനാ പ്രവർത്തനം നടത്താനുള്ള അവകാശം നിഷേധിക്കുന്ന ക്രിമിനൽ സംഘമായി എസ്.എഫ്.ഐ.മാറിയിരിക്കുന്നു.
കലോത്സവത്തിൽ മാർഗംകളിയിൽ തങ്ങൾ പറഞ്ഞ മത്സരാർത്ഥിക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ.നേതാക്കൾ മത്സര ജഡ്ജ് ഷാജി എന്ന അധ്യാപകനെ നേരിട്ടും ഫോണിലും ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തെ തല്ലുകയും ചെയ്തതായി എൻ്റെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. നിഷ്പക്ഷനായ അധ്യാപകനെ സത്യസന്ധമായി ജോലി ചെയ്യാനനുവദിക്കാതെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതാണ് ഈ ദാരുണ മരണത്തിന് കാരണം.
ക്രിമിനലുകളെ കയറൂരി വിട്ട് അക്രമം തുടർന്നാൽ അതിനെതിരെ കേരളം കണ്ടിട്ടില്ലാത്ത പ്രതിഷേധം തുടങ്ങേണ്ട സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നു. മരിച്ച ഷാജിയുടെ ഭാര്യയെയും ബന്ധുക്കളെയും വീട്ടിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Shaji's death murder of SFI: K Sudhakaran MP